ഉള്ള് കലങ്ങുമ്പോള്ഉണര്വ്വേകി ഇടുക്കിയെ മിടുക്കിയാക്കാം

ഡോ. സി. ജെ. ജോണ്‍

സ്ഥാപക ഡയറക്ടര്‍,  മൈത്രി, കൊച്ചി

എന്തിനാണ് സ്വയം ഉയിരെടുക്കുന്നത്?
ഒരു വ്യക്തി എന്തിനാണ് ജീവനെ ഇങ്ങനെ വലിച്ചെറിയുന്നത്? കടുത്ത നൈരാശ്യവും, വിഷാദവും പിടികൂടിയിട്ടുണ്ടാകും. ഒന്നും ഇനി ശരിയാവില്ലെന്ന കൊല്ലുന്ന ചിന്ത ഉണ്ടായിട്ടുണ്ടാകും. അത് മനസ്സില്‍ പരത്തുന്ന ഇരുട്ടില്‍ ചുറ്റുമുള്ള വെളിച്ചങ്ങളും സ്വന്തം ശക്തികളും കാണാതെ പോയിട്ടുണ്ടാകും. ചൊല്ലിലും ചെയ്തികളിലുമൊക്കെ ഇതേ പറ്റിയുള്ള സൂചനകള്‍ ആവോളം ഇവരൊക്കെ നല്‍കാറുണ്ട്. ഉള്‍വലിയല്‍, ഒറ്റപ്പെട്ടുള്ള ഇരിപ്പ്, പ്രകടമായ വിഷാദം, ജീവിതത്തിന്റെ അര്‍ത്ഥമേ നഷ്ടമായെന്നത് പോലെയുള്ള ചില വര്‍ത്തമാനങ്ങള്‍ – തുടങ്ങിയ പലതും സൂചനകളാണ്. എന്തെങ്കിലും ഒരു പ്രതിസന്ധിയുടെ ഘട്ടത്തിലാണെകില്‍ ഇത് വളരെ ഗൗരവത്തോടെ കാണുകയും വേണം. കുടുംബ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവര്‍, കട ബാധ്യതയില്‍ പെട്ടവര്‍, പ്രിയപ്പെട്ടവരുടെ ആകസ്മിക വിയോഗത്തിന്റെ വ്യഥയില്‍ പെട്ടവര്‍, പ്രണയ തകര്‍ച്ച നേരിട്ടവര്‍, പല തരത്തിലുള്ള നഷ്ടങ്ങള്‍ നേരിടുന്നവര്‍, വൃക്ക രോഗം, ക്യാന്‍സര്‍ തുടങ്ങിയ ദീര്‍ഘ കാല രോഗങ്ങളുടെ പീഡകളില്‍ പെട്ടവര്‍, ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധജനങ്ങള്‍, പരീക്ഷാ തോല്‍വിയില്‍ മനം നൊന്തിരിക്കുന്നവര്‍, വിഷാദ രോഗമുള്ളവര്‍ ഇങ്ങനെയുള്ളവരില്‍ ആത്മഹത്യാ സാധ്യത കൂടുതലാണ്. അവര്‍ക്കൊപ്പം ഒരു വൈകാരിക പിന്തുണയുമായി നില്‍ക്കാന്‍ സന്മനസ്സ് കാട്ടുകയും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ചെയ്താല്‍ റിസ്‌ക് കുറയും.

മനക്കണ്ണുകള്തുറക്കാം; കേള്ക്കാം.

ഒപ്പമുള്ളവരില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉള്‍ക്കണ്ണുകള്‍ തുറന്നു കാണാനുള്ള കഴിവ് മറ്റുള്ളവര്‍ക്കുണ്ടാകണം. തിരിച്ചറിഞ്ഞു ആര്‍ദ്രതയോടെ കേള്‍ക്കുന്ന ഒരു സഹജീവിയാണ് മനസ്സിലെ ഇരുട്ടില്‍ വെളിച്ചത്തിന്റെ തിരി തെളിക്കേണ്ടത്. ആകുലതകളില്‍ ആരെങ്കിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പ്രതിസന്ധികളെ നേരിടാനുള്ള കരുത്തേകും. ആത്മഹത്യാ ചിന്തയുടെ പിടിയില്‍ നിന്ന് വഴുതി മാറി ജീവിതയുമായി കണ്ണി ചേരാനുള്ള പ്രേരണ നല്‍കും. ഇത്തരത്തിലുള്ള മാനുഷിക നന്മകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ ശക്തി ക്ഷയമാണ് ആത്മഹത്യ പോലെയുള്ള പല  പ്രശ്‌നങ്ങളുടെയും കാരണം. കുടുംബങ്ങളിലെ ആശയ വിനിമയങ്ങള്‍ കുറയുന്നു.സുഹൃദങ്ങളുടെ ഊഷമളതകള്‍ കുറയുന്നു, ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ അധികരിക്കുന്ന സമ്മര്‍ദങ്ങളെ നേരിടാനുള്ള കുരുത്തില്ലാതാകുന്നു. മദ്യത്തിന്റെ നീരാളിപ്പിടുത്തം കൂടുന്നു. കാരണങ്ങള്‍ ഇനിയുമുണ്ട്. ആത്മഹത്യാ ശ്രമങ്ങള്‍ ഒറ്റപ്പെടുന്നവന്റെ സഹായത്തിനു വേണ്ടിയുള്ള വിലാപമായി മാറുന്നു. ഇത്തരം തേങ്ങലുകള്‍ക്ക് കാതോര്‍ക്കുന്ന ഒരു സംസ്‌കാരമാണ് ഉണ്ടാകേണ്ടത്. ഉറ്റവരും ഉടയവരും അത്ചെയ്താല്‍ ഒട്ടേറെ ആത്മഹത്യകള്‍ തടയാവുന്നതാണ്. വിഷാദങ്ങള്‍ക്കു അടിമപ്പെടുന്നവരുടെയും, ഒറ്റപ്പെടുന്നവരുടെയും, ജീവിതം അവസാനിപ്പിക്കാനുള്ള ഉള്‍പ്രേരണകളുമായി നില്‍ക്കുന്നവരുടെയും സങ്കട വിളികള്‍ സ്വീകരിക്കാനായി പ്രവര്‍ത്തിക്കുന്ന ആത്മഹത്യാ പ്രതിരോധ കേന്ദ്രങ്ങള്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശമിതാണ്. വിഷമിക്കുന്നവനെ കുറ്റപ്പെടുത്തുത്താതെ കേള്‍ക്കുകയെന്ന മാനുഷിക ചുമതലയാണ് ഇവിടത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്യുന്നതും.

മൈത്രിയില്നിന്ന് തൊടുപുഴയിലെ ഉണര്വിലേക്ക്.

ഇരുപത്തി നാലു വര്‍ഷം മുമ്പ് കൊച്ചിയില്‍ മൈത്രിയെന്ന ആത്മഹത്യാ പ്രതിരോധ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായി പൊതു സമൂഹത്തെ അഭിമുഖീകരിച്ചപ്പോള്‍ പറഞ്ഞിരുന്ന കാര്യം ഇന്നും പ്രസക്തമാണ്. ഇത്തരം കേന്ദ്രങ്ങളിലേക്ക് വിളിക്കേണ്ട സാഹചര്യമില്ലാത്ത വിധത്തില്‍ മനുഷ്യ ബന്ധങ്ങളുടെ കണ്ണികള്‍ എല്ലാ ഇടങ്ങളിലും ശക്തിപ്പെടുന്ന കാലമാണ് വരേണ്ടതെന്നാണ് അന്ന് പറഞ്ഞത്. അപ്പോഴാണ് ആത്മഹത്യാ പ്രതിരോധം പൂര്‍ണ്ണതയില്‍ എത്തൂ. പല സാമൂഹിക തിന്മകള്‍ക്കുള്ള മരുന്ന് അത് തന്നെയാണെന്നതാണ് വസ്തുത. പക്ഷെ പിന്നീട് വിളിക്കാനുള്ള ഹെല്‍പ്ലൈനുകള്‍ കൂടി. ചൈല്‍ഡ് ലൈന്‍ വന്നു. സ്ത്രീകള്‍ക്കായി മറ്റൊരു ഹെല്പ് ലൈന്‍ ഉണ്ടായി. അങ്ങനെ പലതും. അരികിലുള്ളവര്‍ കേള്‍ക്കുന്നില്ലെന്ന പരാതി പതിവായി കേള്‍ക്കുന്നുണ്ട്. സാമൂഹികമായി പിന്തുണയ്ക്കുന്ന സംവിധാനങ്ങള്‍ ശോഷിച്ചു വരികയാണെന്നത് വലിയ ആശങ്ക ഉളവാക്കുന്നു. ഒരു കൊച്ചു തിരി വെട്ടമായിട്ടാണ് മൈത്രി കൊച്ചിയില്‍ ആരംഭിച്ചത്. രാജഗിരിയിലെ അഭിവന്ദ്യ ഫാദര്‍ ജോസ് അലക്സും, സാമൂഹ്യപ്രവര്‍ത്തകനായ പി.ഓ. ജോര്‍ജുമൊക്കെയാണ് അതിനായി മുന്നില്‍ നിന്നവര്‍. പിന്നീട് പറവൂരും, കോഴിക്കോടും, തിരുവനന്തപുരത്തും. ഇപ്പോള്‍ തൊടുപുഴയിലും അതില്‍ നിന്നുള്ള ചെറു വെളിച്ചം പടര്‍ന്നു. മൈത്രിക്ക് പരിശീലനം നല്‍കിയത് ചെന്നൈയിലെ സ്‌നേഹയാണ്. മൈത്രിയിലെ രാജേഷ് അധ്യക്ഷനായുള്ള ബിഫ്രണ്ടേഴ്‌സ് ഇന്ത്യയുടെ കീഴില്‍ വരുന്നതാണ് ഈ കേന്ദ്രങ്ങള്‍ എല്ലാം. സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി കൃത്യമായ പരിശീലന പരിപാടിയുണ്ട്. കേരളത്തിലെ കേന്ദ്രങ്ങള്‍ക്ക് അത് ചെയ്ത് കൊടുക്കുന്നത് മൈത്രിയിലെ പരിശീലക സംഘമാണ്. വെളിച്ചം പകര്‍ന്നു കൊണ്ടേയിരിക്കുന്നു.അത് സമൂഹ മനസ്സിലും എത്തണമെന്നതാണ് സ്വപ്നം.

മനസ്സില്ഉണര്വുണ്ടാക്കി ഇടുക്കിയെ മിടുക്കിയാക്കണം.
ആത്മഹത്യാ നിരക്ക് കൂടുതലുള്ള ജില്ലയാണ് ഇടുക്കി. പല കാരണങ്ങള്‍ കൊണ്ട് ഉള്ളം കലങ്ങുന്നവര്‍ ഏറെയുണ്ടെന്ന് വ്യക്തം. അവര്‍ക്ക് ഉണര്‍വേകി ഉയിര്‍ കാക്കാനും, ജീവിതത്തിലേക്ക് കൊണ്ടുവരാനുമായി പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രത്തിന് ഇടുക്കിയില്‍ വലിയ പ്രസക്തിയുണ്ട്. തൊടുപുഴയിലെ സെന്ററിന് ഉണര്‍വെന്ന് പേരിട്ടതിലും ഒരു ഔചിത്യമുണ്ട്. ഇടുക്കിയില്‍ കൂടുതല്‍ ആത്മഹത്യാ നിരക്ക് എന്തു കൊണ്ടെന്ന് കണ്ടെത്താന്‍ പഠനങ്ങള്‍ വേണം. വിഷ ദ്രാവകങ്ങള്‍ കഴിച്ചുള്ള ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുന്നവരെ ദൂരെയുള്ള ആശുപത്രികളില്‍ എത്തിക്കാന്‍ വൈകുന്നതു കൊണ്ട് അത് മരണത്തില്‍ എത്തുകയാണോയെന്ന് നോക്കണം. വിഷ ദ്രാവകം എത്രയും വേഗം ശര്‍ദ്ദിപ്പിച്ചു കളയും വിധത്തിലുള്ള പ്രഥമ ശുശ്രൂഷകളെ കുറിച്ചുള്ള ബോധവല്‍ക്കരണം വേണം. അതൊരു പ്രയോഗിക ഇടപെടല്‍ സാധ്യതയാണ്. പോലീസ് റിപ്പോര്‍ട്ടില്‍ കാണുന്ന ഒറ്റ കാരണമല്ല ആത്മഹത്യയുടെ ഹേതു. അത് സ്വയം ഹത്യയിലേക്കു തള്ളി വിട്ട ഒരു ഘടകം മാത്രമാണ്. സാമൂഹികവും മാനസികവുമായ ഒട്ടേറെ അവസ്ഥകളുടെ ഒത്തു ചേരലാണ് ഇതിന് പിന്നില്‍. വിഷാദ രോഗം ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞു കൃത്യമായി ചികില്‍സിക്കേണ്ടതുണ്ട്. ജില്ലാ മാനസികാരോഗ്യ പദ്ധതിയും, മറ്റ് മാനസികാരോഗ്യ സംവിധാനങ്ങളുമൊക്കെ പൊതു ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.ഏതൊരു രോഗവും പോലെയാണ് മനസ്സിന്റെ രോഗവുമെന്ന തുറന്ന മനസ്സുണ്ടാകണം. മദ്യാസക്തിയെന്ന രോഗത്തിലേക്ക് വഴുതി വീഴും മുമ്പേ വീണ്ടെടുക്കണം. ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും കൗമാര പ്രായക്കരെയും ചെറുപ്പക്കാരെയും മോചിപ്പിക്കണം.കുടുംബ ബന്ധങ്ങള്‍ ദൃഡമാക്കണമെന്ന നിഷ്‌കര്‍ഷ വേണം, വയോജനങ്ങള്‍ക്ക് പ്രേത്യേക കരുതല്‍ വേണം. കുട്ടികളെ ജീവിതം അറിഞ്ഞു വളര്‍ത്തുന്ന ശൈലിയുണ്ടാകണം. അവരുടെ നേരെയുള്ള അക്രമങ്ങള്‍ ഇല്ലാതാകണം . കാര്‍ഷീക പ്രതിസന്ധികളും, പ്രകൃതി ക്ഷോഭങ്ങളും മൂലമുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഏറെയുള്ള പ്രദേശമാണ് ഇടുക്കി. മനസ്സ് തളരുമ്പോഴുള്ള ഒരു പോംവഴിയാണ് ആത്മഹത്യയെന്ന അനാരോഗ്യകരമായ വിചാരത്തെ തിരുത്തി എഴുതണം. ഇങ്ങനെ മരണത്തെ പുല്‍കിയവര്‍ അവരുടെ ആകസ്മിക ദേഹ വിയോഗം മൂലം എത്ര പേരെയാണ് ദുഃഖ കടലില്‍ ആഴ്ത്തിയിട്ടുള്ളത്. സഹായിക്കേണ്ട സംവിധാനങ്ങളോടും, ജീവിതത്തോടും പൊരുതാനുള്ള കെല്‍പ്പുണ്ടാകണം. സെന്ററിന്റെ നാല് ചുമരുകളില്‍ ഒതുങ്ങാതെ ഇടുക്കി ജില്ലയില്‍ ഉള്‍ക്കരുത്തിന്റെയും ഉണര്‍വിന്റെയും ഒരു സംസ്കാരം പ്രചരിപ്പിക്കാന്‍ തൊടുപുഴയിലെ ആത്മഹത്യാ പ്രതിരോധ കേന്ദ്രത്തിന് കഴിയട്ടെ ഇടുക്കിയെ പ്രതിസന്ധികളില്‍ തളരാത്ത ഒരു മിടുക്കിയാക്കണം. ഇവിടത്തെ ആത്മഹത്യാ നിരക്ക് കുറയണം. ഉണര്‍വിന് തികഞ്ഞ ഉണര്‍വോടെയുള്ള ആശംസകള്‍.