ഉണർവ് – ദുഖിതർക്കും അശരണർക്കും ഒരു ആശ്വാസ കേന്ദ്രം

By Jose C. Peter
Founder & Managing Trustee, UNARVE Foundation, Thodupuzha

നമുക്ക് തീവ്രദുഃഖം പലപ്പോഴും (പലകാരണത്താലും) അനുഭവിക്കേണ്ടിവരാറുണ്ട്. അപ്പോള്‍ അത് ആരോടെങ്കിലും ഒന്നു പങ്കുവെച്ചാല്‍ നമ്മുടെ വേദനകള്‍ ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും. അങ്ങിനെ ചെയ്യാതിരിക്കുമ്പോഴാണ് ചിലപ്പോള്‍, ”എനിക്കിനി ആരുമില്ല”, ”ഇനി ജീവിച്ചിട്ടുകാര്യവുമില്ല”, എന്നൊക്കെയുളള ചിന്തകള്‍ മനസില്‍ കടന്നു കൂടുന്നതും, അത് ചിലപ്പോള്‍ ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുന്നത്. അങ്ങിനെ ഓരോ കൊല്ലവും ലോകത്തില്‍ ഏതാണ് 8 ലക്ഷം പേരോളം ആത്മഹത്യ ചെയ്യപ്പെടുന്നുണ്ട്. അതില്‍ നാലില്‍ ഒന്ന് സംഭവിക്കുന്നത് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിലാണെന്നുളളത് ഒരു ദുഃഖ സത്യമാണ്. സാധാരണയായി ആരും തന്നെ അത്മഹത്യ ചെയ്യണമെന്ന് ആഗ്രഹിക്കാറില്ല. പിന്നെയോ അവരുടെ വേദനകള്‍ക്കും വിഷമങ്ങള്‍ക്കും അറുതി വരുത്തുക മാത്രമായിരിക്കും ലക്ഷ്യം. ചില പഠനങ്ങള്‍ കാണിക്കുന്നത് ഓരോ ആത്മഹത്യ നടക്കു മ്പോഴും ഏതാണ്ട് 15-20 ആളുകള്‍ ആത്മഹത്യക്ക് ഒരിക്കലെങ്കിലും ഒരുമ്പെട്ടിറങ്ങിയിട്ട് പരാജയപ്പെട്ട് തല്‍ക്കാലം പിന്‍മാറിയിട്ടുണ്ട് എന്നാണ്. എന്തൊരുഭയാനകമായ സ്ഥിതി വിശേഷം!  അതിനാല്‍ ലോകരാജ്യങ്ങള്‍ ആത്മഹത്യ എന്നത് ഒരു ആഗോള പ്രതിഭാസമായി അംഗീകരിച്ചുകൊണ്ട് അതിനെതിരായി കൂട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.

ഇന്ത്യയില്‍ ഒരു ലക്ഷം പേര്‍ക്ക് ഏതാണ്ട് 11 – 12 പേര്‍ എല്ലാ കൊല്ലവും ആത്മഹത്യചെയ്യപ്പെടുന്നുണ്ടെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തില്‍ അത് 21-22 ആണ്. ഏതാണ്ട് ഇരട്ടിയോളം. എന്നാല്‍ ഏറ്റവും നിരാശകരമായകാര്യം ഇടുക്കി ഡിസ്ട്രിക്ടില്‍ ആത്മഹത്യാ നിരക്ക് ആണ്ടില്‍ ഒരു ലക്ഷം പേര്‍ക്ക് 36 – 40 ആണെന്നുളളതാണ്. അതായത് ദേശീയ ശരാശരിയുടെ മൂന്നര ഇരട്ടി. അതിനാല്‍ ഇത് വളരെ ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്.

വേറൊന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആത്മഹത്യചെയ്യപ്പെടുന്നവര്‍ അധികവും പ്രായാധിക്യം മൂലം ഒറ്റപ്പെടുന്നവരാണ്. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ ആത്മഹത്യകളും നടക്കുന്നത് 15 നും 45 നും വയസ്സിന് ഇടയിലുളളവരാണെന്നുളളത് പ്രത്യേകം ശ്രദ്ധേയമാണ്. ജോലി സ്ഥിരത ഇല്ലായ്മ, സാമ്പത്തികപ്രശ്‌നങ്ങള്‍, പ്രേമനൈരാശ്യം, സമൂഹത്തിലെ ഒറ്റപ്പെടല്‍, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍, പരിക്ഷാതോല്‍വി മുതലായവയാണ് നമ്മുടെ യുവാക്കളിലെ ആത്മഹത്യകള്‍ക്ക് പ്രധാനകാരണങ്ങളായി പറയപ്പെടുന്നത്. അതുപോലെ തന്നെ കൂട്ടായ(കുടുംബ)ആത്മഹത്യകള്‍ കേരളത്തില്‍ വളരെകൂടുതലായി കാണപ്പെടുന്നു. അങ്ങിനെയുളള കുടുംബങ്ങളിലെ രക്ഷപെടുന്ന കുട്ടികളുടെ മനോഭാവം എന്തായിരിക്കും എന്ന് പ്രത്യേകം വിശകലനം ചെയ്യപ്പെടേണ്ടതാണ്. അവര്‍ക്ക് കൂടുതല്‍ കരുതല്‍ സമൂഹം നല്‍കേണ്ടതാണ്.

ഡിപ്രഷനും മറ്റും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നവര്‍ പെട്ടെന്ന് ‘സാധാരണ നിലയിലായി’ എന്ന് ചിലപ്പോള്‍ അഭിനയിക്കാറുണ്ട്. അത് ഒരു പക്ഷെ ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചശേഷം ഉറ്റവരെയും ഉടയവരെയും കബളിപ്പിക്കുവാനായി എടുക്കുന്ന തന്ത്രമായികൂടെന്നില്ല. അങ്ങിനെയുളളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രവുമല്ല ആരെങ്കിലും ആത്മഹത്യചെയ്യുന്നതിനെപ്പറ്റി നിരന്തരം സംസാരിക്കുകയോ ”ജീവിതം മടുത്തു”, ”മരിച്ചാല്‍ മതിയായിരുന്നു”, എന്നൊക്കെ ആത്മഗതം ചെയ്യുന്ന തായോ മനസിലാക്കിയാല്‍ ഉടന്‍ തന്നെ ഈ കാര്യത്തില്‍ വിദഗ്ദരായവരുടെ സേവനം എത്തിച്ചു കൊടുക്കേണ്ടതാണ്.

മരണം ദുഃഖകരമാണെങ്കില്‍ ആത്മഹത്യകള്‍ എക്കാലവും വേദനാജനകമാണ്. ഓരോ ആത്മഹത്യയും കുറഞ്ഞത് 6 പേരുടെയെങ്കിലും ജീവിത്തെ താറുമാറാക്കു മെന്നുളളത് സംശായാതീതമായ കാര്യമാണ്. അങ്ങിനെ താളംതെറ്റിയ ജീവിതവുമായി പൊരുത്തപ്പെട്ടും അല്ലാതെയും കഴിയുന്ന ഒരു ജനതതി നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. എന്തായാലും ഇന്നത്തെ അവസ്ഥതുടര്‍ന്നാല്‍ കേരളത്തിലെ പ്രധാന മരണകാരണം’ആത്മഹത്യ’ ആയിത്തീരുവാന്‍ അധികം നാള്‍ നാം കാത്തിരി ക്കേണ്ടിവരികയില്ല എന്നു തോന്നുന്നു. അതിനാല്‍ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ ആത്മഹത്യ ഒരു സാമൂഹ്യ പ്രശ്‌നമായി കണക്കിലെടുത്ത് അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണക്കുകള്‍ കാണിക്കുന്നത് തക്കസമയത്ത് ഇടപെട്ടാല്‍ 80% ആത്മഹത്യകളും തടയുവാന്‍ സാധിക്കുമെന്നുളളതാണ് അതിനാല്‍ ഈ രംഗത്ത് നാം വളരെയധികം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ആത്മഹത്യ പ്രതിരോധ സന്നദ്ധസംഘടനകള്‍ നല്‍കുന്ന സേവനം ചില്ലറയൊന്നുമല്ല. ഇപ്പോള്‍ തന്നെ അഞ്ച് സന്നദ്ധസംഘടനകള്‍ ഇവിടെ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുളളത് ആശ്വാസകരമാണ്. അതില്‍ ഏറ്റവും പുതിയത് 2019 ജൂലൈ 15 ന് ബഹുമാന്യനായ ശ്രീ.പി.ജെ. ജോസഫ് എം,എല്‍.എ അവര്‍കള്‍ ഉദ്ഘാടനം നടത്തിയ തൊടുപുഴയിലെ ഇടുക്കി റോഡിലുളള പീറ്റേഴ്‌സ് 9 ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ‘ഉണര്‍വ്’ ആണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യ ദുഃഖങ്ങളും മനോവേദനകളും തുറന്നു പറയാനുളള വേദിയാണ് ഉണര്‍വ്വ്. നിങ്ങളെ നിങ്ങളായി തന്നെ അംഗീകരിച്ചുകൊണ്ട് കുറ്റപ്പെടുത്താതെ, വിശ്വസ്തതയോടെ, ഒട്ടും മുന്‍വിധിയില്ലാതെ നിങ്ങളെ കേള്‍ക്കുവാനായി വിദദ്ധ പരിശീലനം സിന്ധിച്ച നിസ്വാര്‍ത്ഥരായ ഒന്നില്‍ കൂടുതല്‍ വാളണ്ടീയര്‍മാര്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണിവരെ ഉണര്‍വ്വില്‍ ഉണ്ടായിരിക്കും. അതിനാല്‍ ഈ സമയത്ത് ഉണര്‍വ്വില്‍ നേരിട്ടുവന്നോ ഫോണിലൂടെയോ (04862- 225544) ഈ മെയില്‍ വഴിയോ ഉണര്‍വ്വുമായി ബന്ധപ്പെടാവുന്നതാണ്. ഉണര്‍വ്വ് എപ്പോഴും നിങ്ങളോടൊപ്പമാണ്. വേറൊരു പ്രധാനകാര്യം ഉണര്‍വ്വിന്റെ സേവനം തീര്‍ത്തും സൗജന്യവും സ്വകാര്യവുമായിരിക്കും. ഉണര്‍വ്വില്‍ പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ ഒരു കാരണവശാലും ഉണര്‍വ്വിനുവെളിയില്‍ പോവുകയില്ല എന്ന് ഉറപ്പ് തരുന്നു. കാലക്രമേണ കൂടുതല്‍ വാളിണ്ടീയര്‍മാരെ പരിശീലിപ്പിച്ച് ഉണര്‍വ്വിന്റെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ 5 മണി വരെ ആക്കി ക്രമീകരിക്കണമെന്ന് ആഗ്രഹിക്കുന്നു.നല്ല ഭാവിക്കുവേണ്ടി നമുക്ക് കൈകോര്‍ക്കാം.
ഉണര്‍വ് പീറ്റേഴ്‌സ് 9, ഇടുക്കി റോഡ്,  തൊടുപുഴ. ഫോൺ: 04862 225544

Jose C. Peter
Founder & Managing Trustee
UNARVE Foundation, Thodupuzha