ഉണര്‍വ്വേകാം; സ്‌നേഹവും കരുതലും നല്‍കി

ജോജോ അഗസ്റ്റിന്‍

മനുഷ്യ ജീവിതം പലപ്പോഴും പ്രതിസന്ധികളുടെ ഒരു ഘോഷയാത്ര തന്നെയാണ്. പലരും ഭീരുക്കളായി  നിന്നുപോകുന്ന നിമിഷങ്ങളും നിമിത്തങ്ങളും ധാരാളം ഉണ്ടാവുകയും ചെയ്യും. എവിടെ തൊട്ടാലും അയാള്‍ക്ക് ഒന്നും തന്നെ സംഭവിക്കുകയില്ല. എങ്കിലും, ഭയം, നിരാശ, ഉത്ഘണ്ഠ എന്നിവ അവനെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കും. ഭയം എന്ന ‘ഫോബിയ’ ബാധിക്കാത്ത അധികം ആരും തന്നെ ഇല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭയത്തിന് അത്യുഗ്രമായ പ്രഹരശേഷി ഉണ്ടെന്നും, അത് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് നമ്മുടെ ശാസ്ത്ര ലോകത്തിന് നല്ല ധാരണയുമുണ്ട്. ഭയത്തിന്റെ അനുപാതങ്ങള്‍ പിശകുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. അത് ഒരാളുടെ ജീവിതത്തിന്റെ സംതുലിതാവസ്ഥയെത്തന്നെ തകിടംമറിക്കുന്നു. നമ്മള്‍ ഭയപ്പെടുന്നത് നമുക്ക് തന്നെ സംഭവിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രഹരം. എല്ലാ ഭയങ്ങളും ചെന്നെത്തുന്നത് മരണമെന്ന നദിയെ എങ്ങനെ തരണം ചെയ്യാമെന്ന അന്വേഷണത്തിലാണ്. നിരാശയില്‍ ഒരാള്‍ അയാളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു, പ്രപഞ്ചത്തിന്റെ ചലനങ്ങള്‍ ഒന്നും തന്നെ അയാളെ സ്പര്‍ശിക്കുന്നതേയില്ല, ലോകം ചുരുങ്ങി ചുരുങ്ങി ഞാന്‍ മാത്രമായി കാണുന്ന ഒരു ബിന്ദുവില്‍ കുരുങ്ങിപ്പോകുന്നു. ഈ ചുരുങ്ങല്‍ ഒരാളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നു. ഭയം നമ്മെ കൊടിയ സംശയാലുക്കളാക്കി മാറ്റുന്നു. ഹൃദയ പൂര്‍വ്വകമായ ഇടപെടലുകള്‍ക്കു മുമ്പില്‍ പോലും ഒളിച്ചുവച്ച കെണികള്‍ ഉണ്ടെന്ന് വിചാരിക്കുന്നു. മനുഷ്യരുടെ ആത്മാര്‍ത്ഥതകള്‍ പോലും ഇവിടെ ചോദ്യ ചിഹ്നമായി വരാം. ഒടുവില്‍ സ്വയം ഉരുകിച്ചേരലില്‍ എല്ലാം അവസാനിപ്പിക്കുകയും വിധിയെ പഴിക്കുകയും ചെയ്യുന്നു.

അഭയം നഷ്ടപ്പെട്ടവരുടെ നിലവിളിയാണ് ഭയം. ധീരരെന്ന് കരുതുന്ന മനുഷ്യര്‍പോലും ഭീരുക്കളായി പതറിപ്പോകുന്ന സാഹചര്യം ഉണ്ടാകാം. സ്‌നേഹത്തിന്റെ, കരുതലിന്റെ അളവ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഭയത്തെ നേരിടുവാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്ന്. ‘സ്‌നേഹം’ ഒരു വാക്കല്ല, അത് ഒരു അനുഭവമാണ്, ഒരാള്‍ക്ക് പ്രതിഫലം ഇല്ലാതെ മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ദാനം. സ്‌നേഹമാണ് മുഴുവന്‍ ഭയങ്ങളുടെയും സിദ്ധൗഷധം. സത്യത്തോടു ചേര്‍ത്തുനിര്‍ത്തി നേര്‍രേഖയില്‍ ജീവിതം ക്രമപ്പെടുത്തുവാനുള്ള ശ്രമം. ഒരാളുടെ നല്ല സമയത്ത് കൈ പിടിച്ച് കുലുക്കുന്നതിലല്ല, മറിച്ച് അയാളുടെ മോശം സമയത്ത് കൈകള്‍ ചേര്‍ത്തുപിടിക്കുന്ന ബന്ധങ്ങള്‍ക്കാണ് മഹനീയത കൂടുന്നത്.

കൈമോശം വന്ന ഇന്നലെകളിലേയ്ക്കും, നന്മകളിലേയ്ക്കും, കളഞ്ഞുപോയ നിഷ്‌കളങ്കതകളിലേയ്ക്കും, മറന്നുപോയ തിരിച്ചറിവുകളിലേയ്ക്കുമൊക്കെ മടങ്ങാനുള്ള ക്ഷണമാണ് സ്‌നേഹം. ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും, നീണ്ടുനില്‍ക്കില്ലെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും സ്‌നേഹിക്കാന്‍ കഴിയുന്നതാണ് സ്‌നേഹമെന്ന വാക്കിനെ അത്ഭുതമാക്കുന്നത്. കൂട് നഷ്ടപ്പെട്ട് ചിറകുകള്‍ അരിഞ്ഞുവീണ് നിലംപറ്റിയ പക്ഷിക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും പൂമരമാണ് തൊടുപുഴയിലെ ‘ഉണര്‍വ്വ്.’

ലോക ജനസംഖ്യയില്‍ ഒരു മില്യണ്‍ ആളുകള്‍, ആത്മഹത്യയെകുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ 40 സെക്കന്റിലും ഒരാള്‍ ലോകത്ത് ആത്മഹത്യ ചെയ്യുന്നു. ഓരോ മൂന്നു സെക്കന്റിലും ഒരോ വ്യക്തി ആത്മഹത്യക്ക് ശ്രമിക്കുന്നു. യുവാക്കളും മദ്ധ്യവയസ്‌കരുമാണ് ഇതില്‍ ഏറിയ പങ്കും എന്നതും  ശ്രദ്ധേയമാണ്. ഒരു വ്യക്തി ആത്മഹത്യ ചെയ്യുമ്പോള്‍ അത് കുറഞ്ഞത് 6 വ്യക്തികളെയെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ ഗുരുതരമായി ബാധിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സാമൂഹികപരമായും, സാമ്പത്തികമായും, മാനസികമായും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാക്കി വയ്ക്കുന്ന ഭവിഷ്യത്തുകള്‍ നമുക്ക് സങ്കല്പിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ളതാണ്. ചെറുതോ, വലുതോ ആയ എന്തു കാരണങ്ങള്‍ തന്നെയായാലും ആത്മഹത്യകള്‍ തടയപ്പെടേണ്ടതു തന്നെ.

മറ്റുള്ളവരുമായി പങ്കുവയ്ക്കത്തക്ക രീതിയില്‍ നമുക്കുള്ള നിധികളെ നാം തന്നെ തിരിച്ചറിഞ്ഞ് മറ്റുള്ളവരിലേയ്ക്ക് പകര്‍ന്ന് കൊടുക്കുകയാണ് ഉണര്‍വ്വ് വോളന്റിയര്‍മാര്‍ ചെയ്യുന്നത്. നമുക്ക് ഒരു മുഖമുണ്ട്, ആ മുഖത്ത് ഒരു പുഞ്ചിരി വിടരുമ്പോള്‍, അത് മറ്റുള്ളവരിലേയ്ക്ക് കൈമാറാം. അത് അവരില്‍ നിശ്ചയമായും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പ്രതികണങ്ങള്‍ ഉളവാക്കിയേക്കാം. നമുക്ക് രണ്ട് കണ്ണുകളുണ്ട്, അത് ദയാവായ്‌പോടും സ്‌നേഹാര്‍ദ്രതയോടും മറ്റുള്ളവരെ കാണുവാന്‍ ഉപയോഗപ്പെടുത്താം. നമ്മുടെ നോട്ടം മറ്റുള്ളവരില്‍ സദ്‌വികാരം ഉണര്‍ത്തുവാന്‍ പര്യാപ്തമാകണം. അങ്ങനെ ആശ്വാസവും കരുണയുമൊക്കെ ഉളവാക്കിയെടുക്കുവാന്‍ കഴിയും. നമ്മുടെ നാവുകൊണ്ട് അന്യരോട് ഹൃദ്യമായി സംസാരിക്കാം. അന്യരെ വിലപ്പെട്ടവരായി  അംഗീകരിച്ച് അവരോട് സംസാരിക്കുക. സാന്ത്വനത്തോടും, പ്രോത്സാഹനത്തോടും, അഭിനന്ദിച്ചും പ്രചോദിപ്പിച്ചും നമുക്ക് സംസാരിക്കാം. മറ്റൊന്ന് നമ്മുടെ ഹൃദയമാണ്. സ്‌നേഹ നിര്‍ഭരമായ ഹൃദയംകൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷം ആശംസിക്കാം. അത് അവരുടെ സദ്‌വിചാരത്തെ ഉണര്‍ത്താന്‍ കഴിയും. നമ്മുടെ ശരീരം കൊണ്ടും അനേകം നന്മ ചെയ്യുവാന്‍ കഴിയും. സഹായം എന്നുള്ളത് പണമല്ല, കരുതലും കരുണയും നിറഞ്ഞ ഒരു നോട്ടം കൊണ്ടുപോലും മറ്റുള്ളവരെ ഉദ്ദീപിക്കാന്‍ നമുക്ക് സാധിക്കും. അങ്ങനെ നമുക്ക് ദാനമായി കിട്ടിയ ‘നിധികളെ’ ദാനമായി മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്ന ദൗത്യമാണ് ഉണര്‍വ്വ് വോളന്റിയര്‍മാരുടേത്. സങ്കടങ്ങളുടെ വെയിലേറ്റ് തളര്‍ന്ന് വീണ ഹൃദയങ്ങളെ സ്‌നേഹത്തിന്റെ തണല്‍ കൊണ്ട് പൊതിയുവാന്‍ ഉണര്‍വ്വിന് കഴിയട്ടെ!

അഭയം നഷ്ടപ്പെട്ടവരുടെ നിലവിളി ഉയരുമ്പോള്‍ അത് കേള്‍ക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. നിന്റെ തേങ്ങലുകള്‍ക്കും, രോദനങ്ങള്‍ക്കും മുമ്പില്‍ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കുന്നുവെന്ന് നീ വിചാരിക്കുന്നുവോ? നിന്നെ കേള്‍ക്കാന്‍ ആരുമില്ലെന്ന് സ്വയം വിശ്വസിക്കുന്നുവോ…? സ്‌നേഹിതാ നിനക്കു തെറ്റി… നിന്നെ ശ്രവിക്കുവാന്‍… നിന്റെ നൊമ്പരം പങ്കിടാന്‍… ഞങ്ങള്‍ ഇവിടെയുണ്ട്. നിന്റെ കൂടെ നടക്കുവാന്‍ ഇനി ആരുമില്ല, എന്നു നീ കരുതരുത്. നിന്റെ ജീവിതം സ്വയം അവസാനിപ്പിക്കുവാന്‍ ഉള്ളതല്ല. ജീവിതയാത്രയില്‍ ഇനിയും സുഗന്ധം പരത്തി എത്രയോ പേര്‍ക്ക് തണലേകുവാനുള്ളതാണെന്ന് അറിയുക. ഞങ്ങള്‍ നിന്നെ സഹായിക്കാം…

പ്രിയ സുഹൃത്തേ,

താങ്കള്‍ അനുഭവിക്കുന്ന മനോവേദനകളെ മനസ്സിലാക്കുന്ന ഒരു സഹജീവിയോടാണ് താങ്കള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. വിങ്ങുന്ന താങ്കളുടെ മനസ്സിന് ആശ്വാസമേകാന്‍ ‘ഉണര്‍വ്വിലെ’ ഈ സുഹൃത്തുണ്ടായിരിക്കുമെന്ന് കരുതിക്കൊള്ളുക. ഉപദേശിക്കാതെ, കുറ്റപ്പെടുത്താതെ മുന്‍വിധിയില്ലാതെ, നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കാന്‍ ഈ സുഹൃത്തിനാവുമെന്ന് ഉറപ്പാക്കിക്കൊള്ളൂ.

പ്രിയ സ്‌നേഹിതാ, താങ്കള്‍ വല്ലാതെ വിഷമിക്കുന്നുവോ?

ജീവിതം താങ്കള്‍ക്ക് തന്ന കഷ്ടപ്പാടുകള്‍ പങ്കുവയ്ക്കുവാന്‍ ആരും കൂടെയില്ലെന്ന് കരുതുന്നുണ്ടോ? പരാജയം, അപമാനം, ഒറ്റപ്പെടല്‍, കുറ്റബോധം, ഭയം തുടങ്ങി എല്ലാം കൊണ്ടും ജീവിതത്തിലെ സന്തോഷം നഷ്ടപ്പെട്ടു എന്നു കരുതുന്നുവോ? വേദന സഹിക്കവയ്യാതെ സ്വന്തം ജീവിതം അവസാനിപ്പിക്കണമെന്ന് ഒരുപക്ഷേ താങ്കള്‍ ചിന്തിച്ചുപോയെങ്കില്‍, താങ്കളുടെ മനസ്സിലെ മുറിവുകള്‍ എത്ര ആഴത്തിലുള്ളതാവാം എന്നും ഈ സുഹൃത്ത് മനസ്സിലാക്കുന്നു.

ഒരിക്കല്‍ വളരെ പ്രിയപ്പെട്ടതായിരുന്നു താങ്കളുടെ ജീവിതം, അതിന്റെ എല്ലാ നന്മകളോടും കൂടെ തിരിച്ചുകിട്ടണമെന്ന് താങ്കള്‍ ആഗ്രഹിക്കാറില്ലേ? താങ്കളെടുത്ത തീരുമാനങ്ങള്‍ എന്തു തന്നെയായാലും അവ നടപ്പാക്കും മുന്‍പ് താങ്കളോട് സ്‌നേഹമുള്ള, താങ്കള്‍ക്ക് വിശ്വാസമുള്ള, മറ്റൊരാളോട് പങ്കുവയ്ക്കാനാകുമോ? അതിനാവുന്നില്ലെങ്കില്‍ മനോവേദനകളെ തരണം ചെയ്യാന്‍ ഈ സുഹൃത്ത് താങ്കളെ സഹായിക്കാം. വരൂ… ഇനി പറയുന്നതിലൊന്ന് ചെയ്തു നോക്കൂ…

ഉടന്‍ തന്നെ വിഷമങ്ങള്‍ മറ്റൊരാളോട് പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഉണര്‍വിലേയ്ക്ക് ഇ-മെയില്‍ അയക്കാം. അല്ലെങ്കില്‍ കത്തയക്കാം, ഫോണ്‍ വിളിക്കാം, നേരില്‍ വരാം.

www.unarve.org

E-mail: unarve.tdpa@gmail.com

Ph: 04862 225544