ആത്മഹത്യാ പ്രതിരോധത്തില്‍ സന്നദ്ധപ്രവര്‍ത്തനത്തിനുള്ള പങ്ക്

അഡ്വ. രാജേഷ് ആര്‍. പിള്ള

പ്രസിഡന്റ് ബിഫ്രണ്ടേഴ്‌സ്,  ഇന്ത്യ

സ്വന്തം ഇഷ്ടപ്രകാരം, പരിപൂര്‍ണ്ണ സമ്മതത്തോടെയും, ആരും ആത്മഹത്യ ചെയ്യാറില്ല. ജീവിത സാഹചര്യങ്ങള്‍ അതിലേയ്ക്ക് നയിക്കുന്നു. ജീവിതം വഴിമുട്ടുമ്പോള്‍ ചിലരെങ്കിലും അവസാനവാതില്‍ തുറക്കുന്നു. സഹായത്തിനു വേണ്ടിയുള്ള മുറവിളിയാണ് ആത്മഹത്യ എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മരിക്കാന്‍ വേണ്ടിയല്ല; പക്ഷെ വേറൊരു രീതിയിലും പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്ട് സ്വയം ഹത്യക്കു തുനിയുന്നു.
കേരളത്തിലെ ആത്മഹത്യ നിരക്ക് ദേശീയ ശരാശരിയിലും രണ്ടര ഇരട്ടിയാണ്. ഇവിടെ ഓരോ മണിക്കൂറിലും ഒരു ആത്മഹത്യയും ഇരുപതോളം ആത്മഹത്യാ ശ്രമങ്ങളും നടക്കുന്നു. ഇത്രയ്ക്ക് വലിയ ഒരു നിരക്കിനെ കൈകാര്യം ചെയ്യാന്‍ ഉതകുന്ന യാതൊരു സര്‍ക്കാര്‍/സര്‍ക്കാരിതര സംവിധാനങ്ങളും നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്ന് ഇല്ല.
ആത്മഹത്യയെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തിനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആത്മഹത്യാ ചിന്തയുള്ളവരെ മനോരോഗ വിദഗ്ദ്ധനുമാത്രമെ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നതാണ്. എന്നാല്‍, ഏതൊരു സാധാരണക്കാരനും ആത്മഹത്യ പ്രതിരോധത്തില്‍ പങ്കാളിയാകാം. മനസ്സിലെ വിഷമങ്ങള്‍ പെയ്‌തൊഴിയാന്‍ ഒരവസരം ഒരുക്കി കൊടുത്താല്‍ ആത്മഹത്യാ ചിന്ത ലഘൂകരിക്കാന്‍ കഴിയുമെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധാപൂര്‍വ്വം, ആര്‍ദ്രതയോടെ, കുറ്റപ്പെടുത്താതെ ശ്രവിച്ചാല്‍ വിഷമങ്ങളോടൊപ്പം, ആത്മഹത്യയും വളരെ കുറയും. ഇവിടെയാണ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ സാധ്യത. ഒരു സഹജീവിയെ ക്ഷമാപൂര്‍വ്വം, മുന്‍വിധികളില്ലാതെ, അയാള്‍ പറയുന്ന രഹസ്യങ്ങള്‍ പുറത്തറിയിക്കാതെ കേള്‍ക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാവുന്നതാണ്. ഒരു പക്ഷേ നമ്മുടെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ ഉതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഈ സന്നദ്ധ പ്രവര്‍ത്തനം. ഇടുക്കി ജില്ലയില്‍ പൊതുവേ ആത്മഹത്യാനിരക്ക് കൂടുതലാണ്. കാര്‍ഷിക പ്രതിസന്ധി, കീടനാശിനികളുടെ സുലഭത എന്നിവയാണ് കാരണങ്ങള്‍. കീടനാശിനികൊണ്ടുള്ള ആത്മഹത്യകള്‍ ശ്രീലങ്കയിലെ കര്‍ഷകര്‍ക്കിടയില്‍ ഒരു കാലത്ത് വളരെ കൂടുതലായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം ശ്രീലങ്കയിലെ ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തകര്‍ കണ്ടുപിടിച്ചു. അവര്‍ എല്ലാ കര്‍ഷകര്‍ക്കും കീടനാശിനികള്‍ സൂക്ഷിക്കാന്‍ ഒരു പെട്ടി സൗജന്യമായി നല്‍കി. ഈ പെട്ടിക്ക് രണ്ട് പൂട്ടു (ഘീരസ)കള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നിന്റെ താക്കോല്‍ ഭാര്യയും മറ്റേ പൂട്ടിന്റെ താക്കോല്‍ ഭര്‍ത്താവും സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അതായത്, രണ്ടുപേരും ഒരുമിച്ചറിയാതെ പെട്ടി തുറന്ന് കീടനാശിന് പുറത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നു. ഇത് കീടനാശിനികള്‍ ഉപയോഗിച്ചുള്ള ആത്മഹത്യകള്‍ ഗണ്യമായി കുറയ്ക്കാന്‍ കാരണമായി. ഈ ലഘു തന്ത്രം ഇടുക്കിയിലും പ്രയോഗിക്കാവുന്നതാണ്.
തൊടുപുഴ ആസ്ഥാനമാക്കി സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ആത്മഹത്യയെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിക്കുന്ന ഉണര്‍വ്വ് എന്ന സംഘടനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇടുക്കി ജില്ലയിലെ എല്ലാ സുമനസ്സുകളും ഉണര്‍വ്വിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും എന്ന് പ്രത്യാശിക്കുന്നു.