ഉണരാം ഉണര്വ്വിന്റെ തണലില്

ഫാ. തോമസ് അമ്പാട്ടുകുഴിയില്

വി.സി.സുപ്പീരിയര് വിന്സെന്ഷന് ആശ്രമം, തൊടുപുഴ.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളില് നിന്നും കേരളം വ്യത്യസ്ഥമാണ് എന്ന് നമുക്കെല്ലാവര്ക്കുമറിയാം. വിദ്യാഭ്യാസത്തിന്റെയും അക്ഷരജ്ഞാനത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും സമഗ്രമായ വികസനങ്ങളുടെയും എല്ലാം കാര്യത്തില് കേരളം ഒന്നാം സ്ഥാനത്താണെന്ന് പറയാം. മാത്രവുമല്ല, മറ്റു സംസ്ഥാനങ്ങള്ക്ക് മാതൃകയുമാണ്. ദൈവം കനിഞ്ഞുനല്കിയ നമ്മുടെ നാട് കാലാവസ്ഥകൊണ്ടും മറ്റും ജീവിതയോഗ്യമായിരുന്നു എന്നത് തര്ക്കമറ്റ കാര്യമാണ്. അമിതമായ ചൂടോ തണുപ്പോ ഇല്ലാതെ കൃത്യമായ മണ്സൂണും വേനലുമൊക്കെ കൊണ്ട് കേരളം കോമളമാണ്. അതെ, ഇത് ദൈവത്തിന്റെ സ്വന്തം നാടു തന്നെ.
ഇങ്ങനെയുള്ള നമ്മുടെ കൊച്ചു കേരളം കുറേ കാലങ്ങളായി, ഇന്ത്യയിലെ ഏറ്റവും കൂടുതല് ആത്മഹത്യാനിരക്കുള്ള സംസ്ഥാനങ്ങളില് ഒന്നാം സ്ഥാനത്താണെന്നുള്ളത് ചിന്തനീയമായ ഒരു കാര്യമാണ്. പ്രാദേശിക ഭരണസംവിധാനങ്ങളും സന്നദ്ധ സംഘടനകളും, ആത്മഹത്യയെ നിയന്ത്രിക്കാനും തടയാനുമുള്ള പരിശ്രമങ്ങള് കുറേ കാലങ്ങളായി നടത്തുന്നുണ്ടെങ്കിലും, കേരളത്തിലെ ആത്മഹത്യാനിരക്ക് ആശങ്കാജനകമായ വിധത്തില് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് പരമാര്ത്ഥം.
അല്പം കണക്ക്
ലോകത്തില് ഏതാണ്ട് 8 ലക്ഷം ആളുകള് ഓരോ വര്ഷവും ആത്മഹത്യ ചെയ്യുന്നതായിട്ടാണ് കണക്കുകള് സൂചിപ്പിക്കുന്നത്. അതില് 1,35,000 പേര് ഇന്ത്യയിലാണ്. വേറെ ചില കണക്കുകള് അനുസരിച്ച് 2,30,000 പേര് ഇന്ത്യയില് ഓരോ വര്ഷവും ആത്മഹത്യ ചെയ്യുന്നുണ്ടത്രേ!
ലോകത്തില് മുഴുവനായും, ആത്മഹത്യയുടെ അനുപാതം ഏറ്റവും കൂടുതല് സൗത്ത് ഇന്ത്യയില് ആണെന്നാണ് പഠനം. സൗത്ത് ഇന്ത്യയില് തന്നെ കേരളത്തിലാണ് ഏറ്റവുമധികം ആത്മഹത്യാ നിരക്കുള്ളത്; തൊട്ടുപിറകെ തമിഴ്നാടും. കേരളത്തില് ഏറ്റവും കൂടുതല് ആത്മഹത്യകള് നടക്കുന്നത്, പല വര്ഷങ്ങളിലും ഇടുക്കി, കൊല്ലം ജില്ലകളിലാണ്. മറ്റ് ചില വര്ഷങ്ങളില് കൊല്ലം, തിരുവനന്തപുരം, വയനാട് എന്നീ ജില്ലകളും മുന്പന്തിയിലെത്താറുണ്ടത്രേ.
ഉണര്വ്വിന്റെ പ്രസക്തി
ഇപ്രകാരമൊരു സാഹചര്യത്തിലാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ കേന്ദ്രമാക്കി ‘ഉണര്വ്വ്’ എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി. ശ്രീ. ജോസ് സി. പീറ്ററിന്റെ മനസ്സിലുദിച്ച ഈ മഹത്തായ ആശയം, ദുഃഖിതരും, ഏകാന്തരും ആത്മഹത്യാപ്രവണതയുള്ളവരുമായ സഹജീവികളെ ശ്രവിച്ചും സഹായിച്ചും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും ഉള്ള ഒരു യജ്ഞമാണ്. അതിനുവേണ്ടി ഒരു ടീമിനെ തയ്യാറാക്കി പരിശീലിപ്പിച്ച് ഒരു പുത്തനുണര്വ്വ് മനസ്സില് നല്കാനുള്ള എളിയ പരിശ്രമമാണിത്.
ശ്രവിക്കുക അത് സൗഖ്യമാണ്.
പരിശീലനം ലഭിച്ച ശ്രോതാവാണ് ഏറ്റവും വലിയ സഹായി; ഉപദേശം നല്കുന്നവനല്ല. (Therapist is a trained listener, not advice giver) ശ്രദ്ധിക്കേണ്ടത് പ്രധാനമായും താഴെപ്പറയുന്ന കാര്യമാണ്. നിനക്ക് യഥാര്ത്ഥത്തില് എന്താണ് വേണ്ടത്? നിനക്കെന്താണ് വേണ്ടതെന്ന് നിനക്കാണ് ഏറ്റവും കൂടുതല് അറിയാവുന്നത്. നിന്റെ ചോദ്യങ്ങള്ക്കുള്ള ഉത്തരം നിനക്കറിയാം. അതുകൊണ്ട് സഹായിക്കുന്നവന് ചോദിക്കുന്ന ചോദ്യം: ‘നിനക്ക് യഥാര്ത്ഥത്തില് എന്താണ് വേണ്ടത്?’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളില് മാറ്റങ്ങള് കൊണ്ടുവരും.
ശ്രവണം ഒരു കലയാണ്. വേദനിക്കുന്ന, മുറിവേറ്റ, വിഷാദത്തില് വീണ്, നിരാശനായ, ഏകാന്തത അനുഭവിക്കുന്ന ഒരു വ്യക്തിയെ ശ്രവിക്കുമ്പോള് വലിയൊരു സൗഖ്യം നല്കുകയാണ്. ആരെയാണോ നാം കേള്ക്കുന്നത്, അവര്ക്ക് തങ്ങളെ മനസ്സിലാക്കാന് പറ്റുന്ന ഒരാളുണ്ടെന്ന അവബോധം പുതിയ ഉണര്വ്വ് നല്കുകയാണ്. തങ്ങളെ കേള്ക്കുവാനും മനസ്സിലാക്കുവാനും ഒരാളുണ്ടെന്ന അനുഭവം ജീവിതത്തിലേയ്ക്ക് ശക്തി നല്കുന്നു. ഇതു തന്നെയാണ് ‘ഉണര്വ്വി’ലെ വോളന്റിയേഴ്സും പ്രധാനമായും ചെയ്യുന്നത്.
ഹെന്ട്രി ന്യൂവെന് (Henri Nouwen) എന്ന എഴുത്തുകാരനും പ്രചോദകനുമായ വ്യക്തിയുടെ വാക്കുകള് ശ്രദ്ധിക്കുക: ‘Somewhere we know that without silence words lose their meaning that without listening speaking no longer heals that without distance closeness cannot cure.’ നിശബ്ദതയും ശ്രവണവും ദൂരവും ഒരു പരിധിവരെ നല്ലതു തന്നെയാണ്.
ഒരാള് നമ്മെ കേള്ക്കുമ്പോള്, നമ്മുടെ രക്തം അവരുടെ ധമനികളിലൂടെ ഒഴുകുകയാണ്. നമ്മുടെ താത്പര്യങ്ങള്, മുറിവുകള്, മൂല്യങ്ങള്, സന്തോഷ സന്താപങ്ങള് എല്ലാം അവരെയും ചലിപ്പിക്കുന്നു. ആരോ എനിക്കു വേണ്ടിയുണ്ട് എന്ന ആഴമായ ഒരു അവബോധം എനിക്ക് ലഭിക്കുകയും ഏകാന്തതയുടെ, വിഷാദത്തിന്റെ, നിരാശയുടെ കുടുക്കുകള് പൊട്ടി എന്നില് സ്വാതന്ത്ര്യം നിറയാന് എന്നെ ശ്രവിക്കുന്ന ഒരു വ്യക്തിയിലൂടെ സാധിക്കുന്നു. ഇതൊരു വലിയ സൗഖ്യമാണ്. ഈ സൗഖ്യമാണ് ‘ഉണര്വ്വ്’ എന്ന ഈ പ്രസ്ഥാനം ഉന്നം വയ്ക്കുന്നതെന്ന് ഞാന് മനസ്സിലാക്കുന്നു.
ഉണര്വ്വ്: കാലഘട്ടത്തിന്റെ ആവശ്യം
കേരളത്തിലെ ചില കണക്കുകള് സൂചിപ്പിക്കുന്നതനുസരിച്ച് പ്രതിദിനം 24 പേര് ആത്മഹത്യ ചെയ്യുമ്പോള്, സംസ്ഥാനത്ത് ആത്മഹത്യാ ശ്രമം നടത്തുന്നത് പ്രതിദിനം 231 പേരാണ്. ആത്മഹത്യാ നിരക്ക് കുറയ്ക്കാനും പ്രവണതയുള്ളവരെ സഹായിക്കുവാനും വേണ്ടി പല കാര്യങ്ങളുണ്ടെങ്കിലും ഏതു സമയത്തും സഹായത്തിന് സമീപിക്കാവുന്ന ടെലിഫോണ് ബന്ധവും നേരിട്ട് സംസാരിക്കുവാനും ഉള്ള സൗകര്യം ഒരുക്കുന്ന ഉണര്വ്വ് നമ്മുടെ നാടിന്റെ ഒരു പ്രതീക്ഷയാണ്. വര്ദ്ധിക്കുന്ന ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും സൂചിപ്പിക്കുന്ന ഒരു കാര്യം, മാനസികാരോഗ്യം കുറവാണ് എന്നതാണ്. മലയാളിയുടെ മനസ്സിനെ പഠിക്കുവാനും ശക്തിപ്പെടുത്തുവാനും തൊടുപുഴയില് സമാരംഭിക്കുന്ന ‘ഉണര്വ്വി’ന് സാധിക്കട്ടെ എന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. ഇതിന്റെ വിജയകരമായ പ്രവര്ത്തനങ്ങള്ക്ക് ഒരു കൈ സാഹായം നീട്ടാം – സമയം, കഴിവുകള് സമ്പത്ത് എന്നിവയാല് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ആരെയും അവഗണിക്കരുത്.
ആത്മഹത്യ ചെയ്യുന്നവര് മരിക്കാന് ആഗ്രഹിക്കുന്നവരല്ല എന്നതാണ് വാസ്തവം. പിന്നെയോ, തങ്ങളുടെ വേദന അവസാനിപ്പിക്കാന് ആഗ്രഹിക്കുന്നവരാണ്, അവര് ആത്മഹത്യയെക്കുറിച്ച് പറയുന്ന കാര്യങ്ങള് വെറും ഭീഷണിയായി മാത്രം ആരും അവഗണിക്കരുത്. തങ്ങളെ തന്നെ നശിപ്പിക്കുന്നതിനെക്കുറിച്ച് അവര് ചിന്തിക്കുന്നതിന്റെ അടയാളങ്ങള് കണ്ടാല് സഹായം എത്തിച്ചുകൊടുക്കുക എന്നത് സുപ്രധാനമായ കാര്യമാണ്.
എങ്ങനെ സഹായിക്കാം?
ആത്മഹത്യയുടെ മുന്നറിയിപ്പുകളെ ഗൗരവത്തോടെ എടുക്കാന് എല്ലാവരും ശ്രമിക്കണം. മറ്റൊരാളുടെ ജീവനെ രക്ഷിക്കാന് ഇത് കാരണമായേക്കാം.
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് നിങ്ങള്ക്ക് തോന്നുന്ന വ്യക്തിയോട് അത് ചോദിക്കുന്നതില് ഒരു അപാകതയുമില്ല. ധൈര്യമായി ചോദിക്കാവുന്നതാണ്. അവരോട് ചോദിച്ച ശേഷം, അവരെ സഹായിക്കാന് പറ്റുന്ന വ്യക്തികളോട്, പ്രസ്ഥാനങ്ങളോട് സംസാരിക്കാന് പ്രോത്സാഹിപ്പിക്കുക. ‘ഉണര്വ്വ്’ സഹായിക്കാന് സന്നദ്ധമാണ്.