ഉണർവിന്റെ തണലിൽ

                   ബിഷപ്പ് ജേക്കബ് മുരിക്കൻ

                   പാല രൂപത സഹായ മെത്രാൻ

ജീവിതയാത്രയില്‍ പലവിധ കാരണങ്ങളാല്‍ അസ്വസ്ഥതയുടെ ഭാരം പേറേണ്ടി വരുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശമായി നിലകൊള്ളുന്ന സന്നദ്ധസംഘടനയാണ് ‘ഉണര്‍വ്വ്’. അനേകംപേര്‍ക്ക് മനസ്സിന് ശാന്തിയും സമാധാനവും ആശ്വാസവുമേകുവാന്‍ ‘ഉണര്‍വ്വി’ന്  കഴിയുന്നുവെന്നത് അഭിമാനകരവും സന്തോഷകരവുമാണ്. സാക്ഷരതയിലും സാങ്കേതികവിദ്യയിലും ജീവിത നിലവാരത്തിലും ആരോഗ്യരംഗത്തും മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മുന്നില്‍ നില്‍ക്കുന്നുവെന്ന് നാം അഭിമാനിക്കുമ്പോഴും ആത്മഹത്യാ കണക്കിലും നാം ഏറ്റവും മുമ്പിലാണെന്നത് ഒരു വൈരുദ്ധ്യമായി അനുഭവപ്പെടുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ട് ആത്മഹത്യകള്‍ പെരുകുന്നുവെന്നത് അടിയന്തര പ്രാധാന്യത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. ഈ അടുത്ത നാളുകളില്‍ പ്രത്യേകിച്ച് കോവിഡ്-19 കാലഘട്ടത്തില്‍ ആത്മഹത്യകള്‍ നിത്യവും സംഭവിച്ചിരുന്നു. ഒരാള്‍ സ്വയം ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുന്നത് വിവിധ മാനസിക സംഘര്‍ഷങ്ങളുടെ ഫലമാകാം. ജീവിതം വഴിമുട്ടി എന്ന അവസ്ഥയാവാം മുന്നില്‍ കാണുന്നത്. നിരാശയുടെ നീര്‍ക്കയത്തിലെത്തി നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങള്‍ അവരുടെ വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം തങ്ങളുടെ മാനസികാവസ്ഥയുടെ സൂചനകള്‍ നല്‍കുന്നുണ്ടാവാം. ഉള്‍വലിയല്‍, ഏകാന്തതയിലേക്ക് താല്പര്യം, വിഷാദം, പ്രത്യാശ നഷ്ടപ്പെടുന്ന വാക്കുകള്‍, ഒന്ന് അവസാനിച്ചിരുന്നെങ്കില്‍ എന്ന രീതിയിലുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവ മനസിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന സൂചനകളാണ്.  കുടുംബപ്രശ്‌നങ്ങള്‍, കടബാധ്യതകള്‍, ഉറ്റവരുടെ വേര്‍പാട്, പ്രണയപരാജയം, അപകടങ്ങള്‍, മാരകരോഗങ്ങള്‍, പരീക്ഷകളില്‍ തോല്‍വി, ലഹരി, ജോലി നഷ്ടം, അഭിമാനക്ഷതം ഇങ്ങനെ പല കാരണങ്ങളാല്‍ ആത്മഹത്യയ്ക്കു തുനിയുന്നവരാണ് പലരും. മാനസികമായി ബലം കുറഞ്ഞവരിലും ആത്മഹത്യാപ്രവണത ഉണ്ട്. ഇവരുടെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ഒപ്പം ആരുമില്ലെന്ന തോന്നല്‍ പെട്ടെന്ന് ജീവനവസാനിപ്പിക്കുന്നതിലേക്ക് നയിക്കാം. ഇങ്ങനെയുള്ളവരെ കണ്ടെത്തി കൃത്യമായ സമയത്ത് അവരുടെ മനസ്സിന് സമാധാനവും പ്രത്യാശയും പ്രതീക്ഷയും നല്‍കാനായാല്‍ ആത്മഹത്യയ്ക്ക് തുനിയുന്നത് തടയുവാനായിട്ട് സാധിക്കും. നമ്മുടെ വീട്ടിലും നാട്ടിലും ഇപ്രകാരം തകര്‍ന്ന മനസ്സുമായി കഴിയുന്നവര്‍ക്ക് കൂരിരുട്ടില്‍ വെളിച്ചം നല്‍കാനുള്ള ചുമതല സമൂഹത്തിനുണ്ട്. നമ്മുടെ സഹജീവികളുടെ മനസ്സിന് ആശ്വാസമരുളുന്ന സാന്നിധ്യവും വാക്കുകളും വളരെ പ്രധാനമാണ്. കൃത്യമായ സമയത്തുള്ള ഒരു കണ്ടുമുട്ടലിലൂടെ വീണ്ടും ജീവിതത്തിലേയ്ക്ക് നടക്കുവാന്‍ പലരെയും പ്രേരിപ്പിക്കുവാന്‍ സന്മനസ്സുണ്ടെങ്കില്‍ നമുക്ക് സാധിക്കും.

സമയോചിതമായ ഒരു ഇടപെടല്‍ വിവേകപൂര്‍വം നടത്തിയാല്‍ മാനസികമായി തകര്‍ന്നിരിക്കുന്ന അനേകരെ ശുഭാപ്തി വിശ്വാസത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേയ്ക്കും നയിക്കാനാവും. വളരെ തിരക്കേറിയ ആധുനിക ജീവിതസാഹചര്യത്തില്‍ മനുഷ്യന് മനുഷ്യനെ ശ്രദ്ധിക്കാനോ സാന്ത്വനമേകുവാനോ സമയമില്ലാതാകുന്നുവെന്നത് ഗൗരവമായ സ്ഥിതിവിശേഷമാണ്. മാനുഷിക ബന്ധങ്ങള്‍ ബലപ്പെടുത്തുകയും കൂട്ടായ്മയുടെ ഒരു സംസ്‌ക്കാരം വളര്‍ത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമയമില്ലെന്ന പല്ലവി കേള്‍ക്കുമ്പോഴും അനാവശ്യമായി സമയം നഷ്ടപ്പെടുത്തുന്നവര്‍ ഏറെയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും നെഗറ്റീവ് എനര്‍ജിസൃഷ്ടിക്കുന്നവര്‍ അനേകരുണ്ട്. ‘അവനവനിസം’ എന്ന സ്വാര്‍ത്ഥസംസ്‌കാരത്തിന്റെ വേലിയേറ്റവും ചുറ്റുപാടുമുണ്ട്.

മനുഷ്യന്റെ മഹത്വം സ്രഷ്ടാവായ ദൈവത്തിന്റെ ഹിതമനുസരിച്ചുള്ള സ്‌നേഹാധിഷ്ഠിതമായ ഒരു ജീവിത ക്രമത്തിലാണ്. പരസ്പരം താങ്ങും തണലും ഉണര്‍വ്വുമാകുവാന്‍ ഓരോ മനുഷ്യനും ശ്രമിക്കുമ്പോള്‍ സമൂഹജീവിതം സന്തോഷത്തിലും പ്രത്യാശയിലും സമ്പന്നമാകും.

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയിലും രണ്ടര ഇരട്ടിയാണ്. കേരളത്തില്‍ ഓരോ മണിക്കൂറിലും ഒരു ആത്മഹത്യയും ഇരുപതോളം ആത്മഹത്യാശ്രമങ്ങളും നടക്കുന്നു. ഈ സ്ഥിതിവിശേഷത്തെ നേരിടുവാന്‍തക്ക കാര്യക്ഷമമായ യാതൊരു സംവിധാനവും കേരളത്തില്‍ ഇല്ലെന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. മന:ശാസ്ത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നത് ജനസംഖ്യയില്‍ ഗണ്യമായ ഒരു വിഭാഗം ജീവിതത്തില്‍ ഒരിക്കലെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് എന്നതാണ്. ഓരോ 40 സെക്കന്‍ഡിലും ലോകത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. ഓരോ 3 സെക്കന്‍ഡിലും ഒരു വ്യക്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ഒരു ആത്മഹത്യ നടക്കുമ്പോള്‍ അത് കുറഞ്ഞത് 6 പേരെയെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നു. ആത്മഹത്യകള്‍ സാമൂഹ്യമായും സാമ്പത്തികമായും മാനസികമായും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും വരുത്തുന്ന ഭവിഷ്യത്തുകള്‍ അതീവ സങ്കീര്‍ണ്ണമാണ്. ചെറുതോ വലുതോ ആയ എന്ത് കാരണങ്ങളായാലും ആത്മഹത്യകള്‍ തടയപ്പെടേണ്ടതാണ്.

കേരളത്തില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും, പരിസ്ഥിതിലോല മേഖലയുടെ പ്രഖ്യാപനവും, പ്രകൃതിക്ഷോഭങ്ങളും, കടബാധ്യതകളും കുടുംബപ്രശ്‌നങ്ങളുമെല്ലാം ചില മേഖലകളില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. മനസ്സ് തളരുമ്പോള്‍ കണ്ടുപിടിക്കുന്ന ഒരു പരിഹാരം എന്ന സ്ഥിതി ആത്മഹത്യയുടെ കാര്യത്തില്‍ മാറ്റപ്പെടണം. വിഷാദരോഗം ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങള്‍ കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ തേടണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റു സാമൂഹിക സംവിധാനങ്ങളും പരമാവധി രൂപപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും വേണം. മദ്യാസക്തി നിയന്ത്രിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ലഹരി ആസക്തിയില്‍നിന്നും കൗമാരക്കാരെയും യുവജനങ്ങളെയും മോചിപ്പിക്കണം. കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കണം വയോജകര്‍ക്ക് കൂടുതല്‍ കരുതലും സംരക്ഷണവും ലഭിക്കണം. കുട്ടികളുടെ മനസ്സില്‍ ഭാരം കൂട്ടുന്ന പാഠ്യപരിശീലന രീതികളും നിയന്ത്രിക്കപ്പെടണം. വര്‍ദ്ധിക്കുന്ന ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും സൂചിപ്പിക്കുന്നത് കേരളീയ സമൂഹത്തിന്റെ മാനസികാരോഗ്യം കുറവാണെന്ന വസ്തുതയാണ്. എന്നാല്‍ പരസ്പര ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയില്‍ ഇടറുന്ന മനസ്സുകള്‍ക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും പ്രദാനം ചെയ്യുവാനാകും.

ഇത്തരണത്തില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴകേന്ദ്രമാക്കി രൂപം പ്രാപിച്ച ‘ഉണര്‍വ്വ്’ എന്ന പ്രസ്ഥാനത്തിന്റെ കാലികപ്രസക്തി വളരെ പ്രധാനമാണ്. ബഹുമാന്യനായ ശ്രീ. ജോസ് സി. പീറ്ററിന്റെ മനസ്സില്‍ രൂപം പ്രാപിച്ചമഹത്തായ ആശയമാണ് ദുഃഖിതരും ഏകാന്തരും ആത്മഹത്യാപ്രവണതയുള്ളവരുമായ സഹോദരങ്ങളെ ശ്രദ്ധിച്ചും സഹായിച്ചും ധൈര്യം പകര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നത്. ഒരു ജീവന്‍പോലും കരുതലിന്റെ കുറവില്‍ നഷ്ടപ്പെടരുതെന്ന നിശ്ചയദാര്‍ഢ്യമാണ് ‘ഉണര്‍വ്വി’നെ മഹത്വരമാക്കുന്നത്. ഇപ്രകാരം നിരാശയില്‍ പെട്ടുപോയ സഹോദരങ്ങള്‍ക്ക് മാനസിക ഊര്‍ജ്ജം പകര്‍ന്ന് പ്രത്യാശയില്‍ മുന്നോട്ട് ജീവിക്കുവാന്‍ സഹായിക്കുന്നതിന്  വിദഗ്ധരും വിദ്യാസമ്പന്നരും ത്യാഗമനസ്‌കരുമായ ഒരു സംഘത്തെതന്നെ തന്റെ കീഴില്‍ സജ്ജമാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തൊടുപുഴയിലെ ഈ പ്രസ്ഥാനം കേരളം മുഴുവനിലേയ്ക്കും വ്യാപിച്ചാല്‍ തീര്‍ച്ചയായും ആത്മഹത്യാനിരക്ക് നിയന്ത്രണവിധേയമാക്കുവാന്‍ നമുക്ക് കഴിയും. തികച്ചും നിസ്വാര്‍ത്ഥമായി ദൈവദൂതന്മാരെപ്പോലെ കണ്ണീരിന്റെ കനലില്‍ പൊലിയാനിടയാകുന്ന ജീവിതങ്ങളെ തിരികെപിടിക്കുന്ന ദൈവസാന്നിധ്യമായി ‘ഉണര്‍വ്വ്’ തൊടുപുഴയെ അഭിമാനിതയാക്കുന്നു. സമൂഹത്തില്‍ ശ്രേഷ്ഠമായ സേവനം ചെയ്യുന്ന നാടിന്റെ അനുഗ്രഹമായ ഈ ‘ഉണര്‍വ്വ്’ സംഘാംഗങ്ങളോടുള്ള നന്ദിയും സ്‌നേഹവും പങ്കുവയ്ക്കട്ടെ. ദൈവം ഈ സംരംഭത്തെ അനുഗ്രഹിക്കട്ടെ.