ഉണര്വ്വിന് ഒരു ആമുഖം

ജോസ് സി. പീറ്റര്‍

ഫൗണ്ടര്‍ & മാനേജിംഗ് ട്രസ്റ്റി, ഉണര്‍വ്വ് ഫൗണ്ടേഷന്‍

കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ പലപ്പോഴായി കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തിനിന്ന കുറേയധികം പേരെ അതില്‍ നിന്നൊക്കെ പിന്‍തിരിപ്പിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേയ്ക്ക് നയിക്കുവാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. എങ്കില്‍പോലും എന്നോടു പലതരത്തില്‍ അടുപ്പമുണ്ടായിരുന്ന ചുരുക്കം ചില ജീവിതങ്ങള്‍ ആ കാലഘട്ടത്തിനിടയ്ക്ക് എനിക്ക് പിടിതരാതെ വിട്ടുപോയിട്ടുണ്ട് എന്നുള്ളത് ഒരു ദുഃഖ സത്യമാണ്.

സ്വന്തം സഹാദരനു തുല്യമോ അതില്‍ കൂടുതലക്കെയോ സ്‌നേഹിക്കുയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത ഒരു വ്യക്തിയില്‍ നിന്നും തനിക്ക് ഉള്‍ക്കൊള്ളുവാന്‍ പറ്റാത്ത രീതിയിലുള്ള പെരുമാറ്റം ഉണ്ടായപ്പോള്‍ ആരോടും പറയാതെ ഒരു ഹോട്ടല്‍ മുറിയില്‍ ജീവിതം അവസാനിപ്പിച്ച യുവ എഞ്ചിനീയര്‍, സ്വന്തം പുത്രന്റെ ചില ചെയ്തികള്‍ അംഗീകരിക്കാന്‍ ആകാതെ ദുഃഖം കടിച്ചമര്‍ത്തി നീണ്ടകര പാലത്തിന്റെ കീഴെ അഭയം തേടിയ പ്രഗത്ഭനായ വേറൊരുഎഞ്ചിനീയര്‍, 16 വയസ്സുള്ള ഒരേയൊരു  മകന്‍ കാറപടത്തില്‍പെട്ട് മരണപ്പെട്ടതിന്റെ ദുഃഖം നെഞ്ചിലേറ്റി നടന്ന് അവസാനം ജീവിതം ഒരുമുഴം കയറിനു വിട്ടുകൊടുത്ത നല്ലവ നായ അയല്‍വാസി. കഠിനമായ മാനസിക സംഘര്‍ഷത്തിനടിമയായി സ്വന്തം ഭാര്യയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയ സംശയ രോഗിയായ മറ്റൊരയല്‍വാസി, ആത്മീയാചാര്യനായി അവരോധിക്കപ്പെട്ട  ഒരു ക്ഷിപ്രകോപിയും ചിലപ്പോഴൊക്കെ തന്റെ പദവിക്ക് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ മടി കാണിക്കാത്ത വിവരദോഷിയില്‍ നിന്നും, ഒരു തെറ്റും ചെയ്യാതെ അവഹേളനവും നിന്ദനവും ഏറ്റുവാങ്ങി ഒരാഴ്ചയ്ക്കകം മാലാഖയായി മാറിയ മിടുമിടുക്കിയായ ഒരു മധുരപതിനേഴുകാരി, ഒരു അനാഥാലയത്തില്‍ കൊല്ലങ്ങളോളം സന്തോഷവതിയായി ആടി പാടി നടന്ന വേറൊരു പെണ്‍കുട്ടി, 18 വയസ്സു തികഞ്ഞതിനാല്‍ ശിശുക്ഷേമ സമിതിയുടെ വിടുതല്‍ ഉത്തരവു പ്രകാരം അമ്മയോടൊപ്പം സ്വന്തം വീട്ടിലേയ്ക്കു പോയി ആഴ്ചകള്‍ക്കകം ജീവത്യാഗം ചെയ്തത് മുതലായ സംഭവങ്ങള്‍ അവയില്‍ ചിലതൊക്കെയാണ്.

മേല്‍ വിവരിച്ച സംഭവങ്ങളൊക്കെ ആയിരിക്കാം എന്നെ ബി ഫ്രണ്ടേഴ്‌സ് ഇന്ത്യയുടെയും മൈത്രി, കൊച്ചിയുടെയുമൊക്കെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയും, അശരണരായവര്‍ക്കുവേണ്ടി തൊടുപുഴയില്‍ ഉണര്‍വ്വ് എന്ന പേരില്‍ ഒരു ഹെല്‍പ്പ്‌ലൈന്‍ തുടങ്ങുവാന്‍ മുന്‍കൈയ്യെടുക്കുവാന്‍ നിര്‍ബന്ധിച്ചത്.

മാത്രവുമല്ല ഈ കാര്യത്തില്‍ കൂടുതല്‍ പഠിച്ചപ്പോള്‍ ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍കൂടി ഞാന്‍ മനസ്സിലാക്കി.

ഇന്ത്യയില്‍ ഒരുവര്‍ഷം ഒരു ലക്ഷം പേരില്‍ 11 ആളുകള്‍ ജീവത്യാഗം ചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ അത് ഏതാണ്ട് 24 പേരാണ്. എന്നാല്‍ ഈ സംഖ്യ, ഇടുക്കി ജില്ലയില്‍ 36ന് മുകളിലാണ് എന്നുള്ളത് വളരെ അലോസരപ്പെടുത്തുന്നതാണ്.

അതുപോലെ തന്നെ ഇന്ത്യയില്‍ 2007നും 2016നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഏതാണ്ട് എഴുപത്തി അയ്യായിരത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. അതായത് ഒരു മണിക്കൂറില്‍ ഒരാള്‍ വീതം ആ കാലയളവില്‍ നമ്മില്‍ നിന്നും വിട്ടുപോയിട്ടുണ്ട്.

തന്റെ പ്രശ്‌നങ്ങള്‍ (ചിലപ്പോള്‍ വളരെ നിസ്സാരമായിരിക്കാം എങ്കില്‍ പോലും) വേണ്ടപ്പെട്ടവര്‍ വേണ്ടരീതിയില്‍ മനസ്സിലാക്കുന്നില്ല, എന്നെ കരുതുന്നില്ല, തനിക്കു വേറെ ഒരു ആശ്രയവുമില്ല, വേറൊരു വഴിയും കാണുന്നില്ല എന്നൊക്കെയുള്ള തോന്നല്‍ പലപ്പോഴും കുട്ടികളെ (ചിലപ്പോള്‍ വലിയവരെയും) കടുത്ത മാനസ്സിക സംഘര്‍ഷത്തിലേയ്ക്കും പിന്നീട് ആത്മഹത്യയിലേയ്ക്കും നയിക്കാറുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും തക്കസമയത്ത് വേണ്ടരീതിയില്‍ ഇടപെടാന്‍, അതായത് ഒന്നു കേള്‍ക്കുവാനോ മനസ്സിലാക്കുവാനോ നാം തയ്യാറായാല്‍ 80% ആത്മഹത്യകളും നടക്കാതിരിക്കുവാനോ, മാറ്റിവയ്ക്കപ്പെടുവാനോ സാധ്യതയുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏകാന്ത ദുഃഖം അനുഭവിക്കുന്നവര്‍, കടുത്ത നിരാശയില്‍ ജീവിതം തള്ളിനീക്കുന്നവര്‍, കുടുംബ ബന്ധങ്ങളിലെ ശിഥിലത മൂലം മനംനൊന്തു കഴിയുന്നവര്‍, ജീവിതം വ്യര്‍ത്ഥമായി എന്നും, ഇനി ജീവിച്ചിട്ടു കാര്യമില്ല ജീവത്യാഗം മാത്രമാണ് പോംവഴി എന്നു ചിന്തിക്കുവാന്‍ സാധ്യതയുള്ളവര്‍, ചിലപ്പോഴെങ്കിലും മറ്റു കാരണങ്ങളാല്‍ ആത്മഹത്യ പ്രവണതയുള്ളവര്‍ തുടങ്ങിയ വ്യക്തിജീവിതങ്ങളെ സ്വകാര്യമായി കേള്‍ക്കുകയും ബി ഫ്രണ്ടിംഗ് വഴി അവരെയൊക്കെ മുഖ്യ ധാരയിലേയ്ക്ക് എത്തിക്കുകയെന്നതാണ് ഉണര്‍വ്വിന്റെ പ്രധാന ലക്ഷ്യം. ഇങ്ങനെയുള്ളവരെയൊക്കെ സഹായിക്കുവാനായി പരിശീലനം സിദ്ധിച്ച നിസ്വാര്‍ത്ഥരായ ഒരു പറ്റം വോളന്റിയര്‍മാര്‍ ഉണര്‍വ്വില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്തു തന്നെയായാലും ഉണര്‍വില്‍ പങ്കുവയ്ക്കപ്പെടുന്ന കാര്യങ്ങള്‍ അതീവ രഹസ്യമായി കൈകാര്യം  ചെയ്യുന്നുവെന്നും അത് ഒരു കാരണവശാലും ‘ഉണര്‍വ്വി’ല്‍ നിന്ന് പുറത്തുപോകുകയില്ല എന്ന് ഞങ്ങള്‍ വാക്കുതരുന്നു. മാത്രവുമല്ല ഉണര്‍വ്വിന്റ സേവനം തികച്ചും സൗജന്യമായിരിക്കും. ഒരു പൈസപോലും ആര്‍ക്കും നല്‍കേണ്ടതില്ല.

ഈ ജൂലൈ മാസം 15-ാം തീയതി ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന ‘ഉണര്‍വ്വ്’ തല്‍ക്കാലം ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. ഈ സമയത്ത് 04862 225544 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ, അല്ലെങ്കില്‍ തൊടുപുഴ

ടൗണിന്റെ ഹൃദയഭാഗത്തുള്ള ‘പീറ്റേഴ്‌സ് 9’ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ‘ഉണര്‍വ്വ്’ ഓഫീസില്‍ നേരിട്ടുവന്നോ,  unarve.tdpa@gmail.com എന്ന ഇ-മെയില്‍ മുഖേനയോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

കാലക്രമേണ പരിശീലനം സിദ്ധിച്ച കൂടുതല്‍ വോളന്റിയര്‍മാരെ കിട്ടുന്ന മുറയ്ക്ക്  ‘ഉണര്‍വ്വ്’ എന്നും രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ പ്രവര്‍ത്തനം നടത്തണമെന്ന് വിചാരിക്കുന്നു.

വോളന്റിയര്‍മാരെ കൂടാതെ സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ചില ഉന്നത വ്യക്തികള്‍ അടങ്ങുന്ന ഒരു ഭരണ സമിതിയും ഉണര്‍വിനുണ്ട്. ഉര്‍വ്വിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദൈനംദിന ചെലവുകള്‍ നടത്തുന്നതിനുമുള്ള വിഭവ സമാഹരണത്തിനൊക്കെയായി പൊതുജന പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഉണര്‍വ്വ് ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഇതിനകം രിജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. സന്മനസ്സ് ഉള്ള ആര്‍ക്കും ഉണര്‍വ്വിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാവുന്നതാണ്. അങ്ങനെ നമുക്ക് കുറെ വ്യക്തികളെയെങ്കിലും രക്ഷിക്കാന്‍ പറ്റിയാല്‍ അത് ദൈവതിരുമുന്‍പില്‍ ശ്രദ്ധിക്കപ്പെടും എന്നതിന് യാതൊരു സംശയവുമില്ല.